കൊച്ചി: ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത 25 സെന്റ് വരെയുള്ള നെൽവയൽ പുരയിടമാക്കി തരംമാറ്റാൻ ഫീസ് നൽകേണ്ടെന്ന വ്യവസ്ഥ 2021 ഫെബ്രുവരി 25-നുശേഷം നൽകിയ അപേക്ഷകൾക്കുമാത്രം ബാധകമാക്കിയ സർക്കാർ സർക്കുലർ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡേറ്റ ബാങ്കിൽ വിജ്ഞാപനംചെയ്തിട്ടില്ലാത്ത നെൽവയൽ പുരയിടമാക്കിമാറ്റാനും മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനുമുള്ള അപേക്ഷകളിൽ സർക്കാർ വിവേചനം കാട്ടുന്നെന്നാരോപിച്ച് എറണാകുളം സ്വദേശി എം.കെ. ബേബി ഉൾപ്പെടെ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. തരംമാറ്റാൻ ഫീസ് അടയ്ക്കാൻ ഹർജിക്കാർ നേരത്തേ നൽകിയ അപേക്ഷകൾ കട്ട് ഓഫ് തീയതി കണക്കിലെടുക്കാതെ പരിഗണിച്ച് രണ്ടുമാസത്തിനകം തീർപ്പാക്കാനും നിർദേശിച്ചു. ഇതോടെ ഫെബ്രുവരി 25-നുമുമ്പ് അപേക്ഷ നൽകിയവർക്കും സമാനമായി ഫീസ് നൽകേണ്ടതില്ല.2008-ലെ നെൽവയൽ-തണ്ണീർത്തടസംരക്ഷണ നിയമപ്രകാരമുള്ള ഡേറ്റ ബാങ്കിൽ നിലമെന്നോ തണ്ണീർത്തടമെന്നോ രേഖപ്പെടുത്താത്ത ഭൂമി നികത്താനും തരംമാറ്റി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാനും സർക്കാർ നിശ്ചിത ഫീസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് 25 സെന്റ് വരെയുള്ള നിലം പുരയിടമാക്കി തരംമാറ്റുന്നതിന് ഫീസ് വേണ്ടെന്ന് വ്യക്തമാക്കി 2021 ഫെബ്രുവരി 25-ന് ഉത്തരവിറക്കി.ഇതിനുപിന്നാലെ ഫെബ്രുവരി 25-നോ അതിനുശേഷമോ നിലം നികത്താൻ അനുമതി തേടുന്നവർക്കുമാത്രമാണ് ഇതുബാധകമെന്നും നേരത്തേ അപേക്ഷ നൽകിയവർക്ക് ബാധകമല്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ജൂലായ് 23-നു സർക്കുലറും ഇറക്കി. ഫെബ്രുവരി 25-നുമുമ്പ് അപേക്ഷ നൽകിയവർക്ക് അതുപിൻവലിച്ച് പുതിയ അപേക്ഷ നൽകാൻ അനുവാദം നൽകേണ്ടെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്. 25 സെന്റ് വരെയുള്ള നെൽവയൽ നികത്താൻ അനുമതി തേടുന്നവരെ അപേക്ഷനൽകിയ തീയതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് അന്യായവും സേച്ഛാപരവുമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.